ആലക്കോട്: ഉദയഗിരി ഗ്രാമപഞ്ചായത്തിൽ ഓഗസ്റ്റ് ഒന്നിനുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായ വൻ നാശനഷ്ടങ്ങൾക്ക് അടിയന്തര സഹായവും പ്രത്യേക പാക്കേജും ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിലിന്റെയും നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി വിവിധ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകി.
റോഡുകൾ, പാലങ്ങൾ, കൃഷി, കൃഷിഭൂമി, പൊതുമരാമത്ത് റോഡുകൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടം ഏകദേശം 100 കോടി രൂപയുടേതാണെന്നാണു പ്രാഥമിക കണക്ക്. പഞ്ചായത്തിന്റെ അതിജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണു മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം നൽകിയത്.
മന്ത്രിമാരായ സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, മോൻസ് ജോസഫ്, കെ.എം. ഷാജി, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെ നേരിൽ കണ്ട് നാശനഷ്ടങ്ങളുടെ സമഗ്ര റിപ്പോർട്ടും മന്ത്രിമാർക്ക് കൈമാറി. ആവശ്യമായ സഹായം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനൽകിയതായി സംഘം അറിയിച്ചു.
കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.